
വേമ്പനാട് കായലിൽ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആർഐ നടപ്പാകുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് ഉദ്ഘാടനം ചെയ്യുന്നു.
കൊച്ചി: വിത്തു വിതച്ചതിന്റെ എട്ട് മടങ്ങോളം ഉൽപാദനം .ലഭ്യത കുറഞ്ഞുവരുന്ന വേമ്പനാട് കായലിലെ കറുത്ത കക്ക സമ്പത്തിന് പുത്തനുണർവേകി സിഎംഎഫ്ആർഐ പദ്ധതി. കക്കയുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) ഒരു വർഷം മുമ്പ് വിത്തുനിക്ഷേപം നടത്തിയതിൽ എട്ട് മടങ്ങോളം ഉൽപാദനം.
കറുത്ത കക്കയുടെ ശോഷണം തടയുന്നതിനും ഉൽപാദനം വർധിപ്പിക്കുന്നതിനുമായി ആരംഭിച്ച പദ്ധതിയിൽ ആലപ്പുഴ ജില്ലയിലെ വടക്കുംകരയിൽ സിഎംഎഫ്ആർഐ ഒരു ഹെക്ടർ വിസ്തൃതിയിൽ അഞ്ച് ടൺ കക്ക വിത്ത് നിക്ഷേപിച്ചിരുന്നു. ഒരു വർഷത്തിന് ശേഷം നടന്ന ഇതിന്റെ വിളവെടുപ്പിലാണ് മികചച്ച വളർച്ചാനിരക്കോടെയുള്ള ഉൽപാദനം ലഭിച്ചത്.
വിവിധ ഘട്ടങ്ങളിലായി നടക്കുന്ന വിളവെടുപ്പ് പൂർത്തിയാകുമ്പോൾ, ഇവിടെ വിതച്ച അഞ്ച് ടൺ വിത്തിൽ നിന്ന് ഏകദേശം 40 ടണ്ണോളം കക്ക വിളവെടുക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിൽ കറുത്ത കക്കയുടെ 80 ശതമാനവും വേമ്പനാട്ടു കായലിലാണ്. മേഖലയിലെ ആറായിരത്തിലധികം കുടുംബങ്ങളുടെ നേരിട്ടുള്ള ഉപജീവനമാർഗ്ഗവും അതിലെറെ ആളുകൾ പരോക്ഷമായും ആശ്രയിക്കുന്ന കായൽ സമ്പത്താണിത്.
എന്നാൽ , കായലിലെ ഇവയുടെ ലഭ്യതയിൽ സമീപകാലത്തായി വൻ ഇടിവാണ് രേഖപ്പെടുത്തിയത്. സിഎംഎഫ്ആർഐയുടെ കണക്കനുസരിച്ച് 2006-ൽ 75,592 ടണ്ണായിരുന്ന കറുത്ത കക്ക ഉൽപ്പാദനം 2024 ആയപ്പോഴേക്കും 45,601 ടണ്ണായി കുറഞ്ഞു. ഏകദേശം 40 ശതമാനത്തിന്റെ കുറവാണ് കക്ക ലഭ്യതയിൽ ഉണ്ടായത്.
ഈ സാഹചര്യത്തിലാണ് സിഎംഎഫ്ആർഐ കക്ക പുനരുജ്ജീവന പദ്ധതി ആരംഭിച്ചത്. കേന്ദ്ര സർക്കാറിന്റെ ഷെഡ്യൂൾഡ് കാസ്റ്റ് സബ് പ്ലാനിൽ ഉൾപ്പെടുത്തി 100 ശതമാനം സബ്സിഡിയോടെ തൈക്കാട്ടുശ്ശേരി കറുത്ത കക്ക സഹകരണ സംഘത്തിന്റെ സഹകരണത്തോടെയാണ് സിഎംഎഫ്ആർഐ പദ്ധതി നടപ്പിലാക്കിയത്. കക്ക തീരെയില്ലാതിരുന്ന മേഖല ശാസ്ത്രീയമായി കണ്ടെത്തിയാണ് അഞ്ച് ടൺ വിത്ത് വിതച്ചത്. 80 മുതൽ 90 ശതമാനം വരെ അതിജീവന നിരക്ക് രേഖപ്പെടുത്തിയ കക്കകൾക്ക് മികച്ച വളർച്ചയും ലഭിച്ചു.
വിളവെടുപ്പ് മേള സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രീൻസൺ ജോർജ് ഉദ്ഘാടനം ചെയ്തു. ശാസ്ത്രീയമായ ഇത്തരത്തിലുള്ള ഇടപെടലുകൾ കക്ക സമ്പത്തിന്റെ പുനരുജ്ജീവനത്തിനും മത്സ്യത്തൊഴിലാളികളുടെ സ്ഥിരമായ ഉപജീവനത്തിനും വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൃത്യമായ സാമ്പിളിംഗ് രീതികളും അനുയോജ്യമായ വിത്തുസാന്ദ്രതയും ഉറപ്പാക്കിയാണ് പദ്ധതി വിജയിപ്പിച്ചതെന്ന് പദ്ധതി കോഓർഡിനേറ്ററും സിഎംഎഫ്ആർഐ സീനിയർ സയന്റിസ്റ്റുമായ ഡോ ആർ വിദ്യ പറഞ്ഞു.
Photo Courtesy - Google








